ഹരിപ്പാട്: ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേളയിൽ ചരിത്രവിജയം സ്വന്തമാക്കി മണ്ണാറശാല യുപി സ്കൂൾ. മത്സരിച്ച ഒൻപത് വിഭാഗങ്ങളിൽ ഏഴു വിഭാഗങ്ങളിലും ഓവറോൾ കിരീടം നേടിയാണ് സ്കൂൾ റെക്കോർഡ് നേട്ടം കുറിച്ചത്.
ഹയർ സെക്കൻഡറി സ്കൂളുകൾ വരെ പങ്കെടുത്ത മേളയിലെ ആകെ പോയിന്റ് നിലയിൽ നാലാം സ്ഥാനം സ്വന്തമാക്കാനും ഒരു യുപി സ്കൂളായ മണ്ണാറശാലയ്ക്ക് കഴിഞ്ഞു. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ എൽപി, യുപി വിഭാഗങ്ങളിലും ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി മേളകളിൽ യുപി വിഭാഗത്തിലും സ്കൂൾ ഒന്നാം സ്ഥാനം നേടി. പ്രവൃത്തിപരിചയമേള എൽപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഗണിതശാസ്ത്രമേള എൽപി വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു.
ശാസ്ത്രമേള യുപി വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ മത്സരിച്ച ആറ് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി. എൽപി വിഭാഗത്തിൽ ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ പങ്കെടുത്ത അഞ്ച് ഇനങ്ങളിലും എ ഗ്രേഡ് നേടി. ഗണിതശാസ്ത്രമേള യുപി വിഭാഗത്തിൽ നാല് ഒന്നാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും ഉൾപ്പെടെ ഏഴ് ഇനങ്ങളിലും എ ഗ്രേഡ് നേടിയപ്പോൾ, എൽപിയിൽ മത്സരിച്ച അഞ്ചിൽ നാല് ഇനങ്ങളിലും എ ഗ്രേഡ് ഉറപ്പിച്ചു. സാമൂഹ്യശാസ്ത്രമേള യുപിയിൽ ഒരു ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ നാല് ഇനങ്ങളിലും എ ഗ്രേഡ് നേടി.
എൽപിയിൽ ആകെയുള്ള മൂന്ന് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച് രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും സ്വന്തമാക്കി. പ്രവൃത്തിപരിചയമേള യുപി വിഭാഗത്തിൽ അഞ്ച് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ എട്ട് ഇനങ്ങളിലും എൽപി വിഭാഗത്തിൽ അഞ്ച് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ ഒൻപത് ഇനങ്ങളിലും എ ഗ്രേഡ് സ്കൂൾ കരസ്ഥമാക്കി.
ഐടി മേള യുപി വിഭാഗത്തിൽ ആകെയുള്ള മൂന്ന് ഇനങ്ങളിൽ ഒരു രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും നേടി. വിജയികളായ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ബ്രഹ്മശ്രീ എം.കെ. പരമേശ്വരൻ നമ്പൂതിരി, മാനേജ്മെന്റ് പ്രതിനിധികളായ എസ്. നാഗദാസ്, എൻ. ജയദേവൻ, പ്രധാനാധ്യാപിക കെ.എസ്. ബിന്ദു, പിടിഎ പ്രസിഡന്റ് പി. വേണു സരിഗ എന്നിവർ അനുമോദിച്ചു.